Kerala
കൊച്ചി: മുഖ്യമന്ത്രി വി.ഡി.സതീശന്റെ മണ്ഡലത്തിലെ ഫ്യൂസ് ഊരൽക്കേസിൽ അന്വേഷണം തുടരുന്നു. പറവൂർ കൈതാരം നോർത്തിലെ ട്രാൻസ്ഫോമറിൽ നിന്നു ഫ്യൂസ് ഊരിക്കളഞ്ഞ സംഭവം വൻ വിവാദമായിരുന്നു. പ്രതി ഒളിവിലാണെന്നും ഇയാൾ സംസ്ഥാനം വിട്ടെന്നും പിടികൂടാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും പൊലിസ് പറഞ്ഞു.
സിസിടിവി ദൃശ്യത്തിലൂടെയാണു ഫ്യൂസ് ഊരിയ ആളെ തിരിച്ചറിഞ്ഞത്. കൈതാരം സ്വദേശിയാണ് ദൃശ്യങ്ങളിലുള്ളതെന്നു പൊലിസ് പറഞ്ഞു. ഇയാൾ ഫ്യൂസ് ഊരുന്നതു സമീപവാസിയായ ഒരു സ്ത്രീ കണ്ടിരുന്നു. ഫ്യൂസ് ഊരിയത് സംബന്ധിച്ച കെഎസ്ഇബി പൊലിസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
പ്രതിയുടെ വീട്ടിൽ പൊലിസ് ചെന്നെങ്കിലും ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ മാസമാണു കൈതാരം നോർത്തിലെ ട്രാൻസ്ഫോമറിൽ നിന്ന് ഇയാൾ ഫ്യൂസ് ഊരിക്കളഞ്ഞത്. അതേസമയം ഫ്യൂസ് ഊരിയതുമായി ബന്ധപ്പെട്ട് പോലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിലെ വ്യക്തി കോൺഗ്രസുകാരനാണെന്ന് സിപിഎം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ഡിസിസി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലിസ്. അഭിഭാഷകനായ പ്രദീപ്, ശ്രീലാൽ എന്നിവരാണ് കേസിലെ പ്രതികളെന്നും ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലിസ് പറഞ്ഞു. പ്രദീപ് നെടുമങ്ങാട് ബാറിലെ അഭിഭാഷകനാണ്.
കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട് കോൺഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് തിരുവനന്തപുരത്ത് ഡിസിസി ഓഫീസിനും മറ്റ് കോൺഗ്രസ് ഓഫീസുകൾക്കും നേരെ ആക്രമണവും കല്ലേറും ഉണ്ടായത്. നെയ്യാറ്റിൻകര ആനാവൂരിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് തീയിട്ടതായും റിപ്പോർട്ടുകളുണ്ട്.
ജില്ലാ കോണ്ഗ്രസ് കമ്മിറ്റി ഓഫീസിലേക്ക് കല്ലേറ് നടത്തുകയും നെയ്യാറ്റിന്കര ആനാവൂര് മണ്ഡലം കമ്മിറ്റി ഓഫീസിന് തീയിടുകയും ചെയ്ത ക്രിമിനലുകളുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്ഹമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. അക്രമം നടത്തിയവര്ക്കെതിരെ കര്ശന നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ഔദ്യോഗിക യാത്രയ്ക്കിടെ അകമ്പടി വാഹനങ്ങളുടെ എണ്ണം കൂട്ടിയതിൽ ഡിസിപിയോട് ക്ഷുഭിതനായി മുഖ്യമന്ത്രി വി.ഡി.സതീശൻ. ബുധനാഴ്ച രാവിലെ കവടിയാറിൽ വയോജന ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് സംഭവം.
സാധാരണ മുഖ്യമന്ത്രിയുടെ ഔദ്യോഗിക യാത്രയിൽ ഒരു പൈലറ്റ് വാഹനവും ഒരു എസ്കോർട്ട് വാഹനവുമാണ് ഉണ്ടാകാറുള്ളത്. എന്നാൽ കവടിയാറിലെത്തിയപ്പോൾ പൈലറ്റ് വാഹനത്തിന് മുന്നിലായി ഒരു പൊലിസ് ജീപ്പ് കൂടി ഉണ്ടായിരുന്നത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടു. വാഹനത്തിൽനിന്ന് ഇറങ്ങിയ മുഖ്യമന്ത്രി ഇതുസംബന്ധിച്ച് ഡിസിപിയോട് വിശദീകരണം തേടുകയായിരുന്നു.
തന്റെ ഔദ്യോഗിക യാത്രകൾക്ക് സുരക്ഷയുടെ പേരിൽ അനാവശ്യമായി കൂടുതൽ വാഹനങ്ങൾ വിന്യസിക്കരുതെന്നും വാഹനങ്ങളുടെ എണ്ണം കൂട്ടേണ്ട സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം ഡിസിപിക്ക് കർശന നിർദേശം നൽകി. അടുത്തിടെ യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കരിങ്കൊടി പ്രതിഷേധവും വഴിതടയൽ സമരവും നടത്തിയിരുന്നു.
ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഒരു വാഹനം കൂടി അധികമായി ഉൾപ്പെടുത്തിയതെന്നാണ് പൊലിസ് നൽകുന്ന വിശദീകരണം.
Kerala
ഇടുക്കി: മാധ്യമപ്രവർത്തകർക്ക് നേരെ ക്ഷുഭിതനായി മുഖ്യമന്ത്രി വി.ഡി.സതീശൻ. വിദേശയാത്രയുടെ സ്പോൺസർഷിപ്പിനെക്കുറിച്ചും സിഎംആർഎൽ മുൻ എംഡി ശശിധരൻ കർത്തയുടെ ഡയറിയിൽ പേര് വന്നതിനെക്കുറിച്ചുമുള്ള ചോദ്യങ്ങളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
ഭൂവിഷയങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഇടുക്കിയിലെത്തിയതായിരുന്നു സംഭവം. മാറി നിൽക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല എന്ന് ആവർത്തിച്ച അദ്ദേഹം സമീപത്തുണ്ടായിരുന്ന പൊലിസുകാരോട് മാധ്യമപ്രവർത്തകരെ മാറ്റാനും ആവശ്യപ്പെട്ടു.
തുടർച്ചയായി ചോദ്യങ്ങൾ ഉയർന്നിട്ടും വ്യക്തമായ മറുപടി നൽകാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്. തനിക്ക് വിമാനം ചാർട്ട് ചെയ്ത് തന്നത് മലയാളിയായ ഒരാളാണെന്നും പേര് പറയില്ലെന്നും സതീശൻ നേരത്തെ പറഞ്ഞിരുന്നു.
Kerala
തിരുവനന്തപുരം: സിപിഎമ്മിനെതിരെ കടന്നാക്രമണം നടത്തുന്നത് മോദി, ഇഡി, വിഡി കൂട്ടുകെട്ടാണെന്നും ഇതിനെതിരെ അതിശക്തമായ ജനകീയ മുന്നേറ്റം ഉയർന്നുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പിണറായി വിജയനെതിരായ അന്വേഷണത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള തെളിവുകളുടെ അംശം പോലുമില്ല. എസ്ഐടി അന്വേഷണത്തിലൂടെ പാർട്ടിയെ തകർക്കാനാണ് ശ്രമിക്കുന്നത്.
മുഖ്യമന്ത്രി വി.ഡി.സതീശൻ സ്വകാര്യ മുതലാളിമാരുടെ സ്പോൺസർഷിപ്പിലാണ് കേരളം ഭരിക്കുന്നത്. സ്പോൺസറുടെ വിമാനത്തിൽത്തന്നെ ഇനിയും സഞ്ചരിക്കുമെന്നും മന്ത്രിമാർ വിദേശയാത്രകൾ തുടരുമെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. വൈദ്യുതി മന്ത്രി ഉൾപ്പെടെ നാല് മന്ത്രിമാർ വിദേശത്ത് പോകാനുള്ള ഉത്തരവിറക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചില മുതലാളിമാരുടെ സഹായവും സൗജന്യവും പറ്റിയാണ് ഈ യാത്രകളെല്ലാം നടത്തുന്നത്.
ഇത് കേരളത്തിന് വളരെ അപകടകരമായ ദിശയാണ്. വിദേശയാത്രകൾ വഴി പെട്രോൾ, ഡ്രൈവർ, മെയിന്റനൻസ് ചെലവുകൾ ഇല്ലാത്തതിനാൽ സർക്കാരിന് ലാഭമാണെന്ന് മുൻപ് കെപിസിസി പ്രസിഡന്റ് പറഞ്ഞ രീതിയിലാണ് മുഖ്യമന്ത്രിയും സംസാരിക്കുന്നത്. അഴിമതിയും സ്വജനപക്ഷപാതവും കാട്ടാൻ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള മുഴുവൻ ആളുകൾക്കും തുറന്ന സർട്ടിഫിക്കറ്റാണ് ഇതിലൂടെ നൽകിയിരിക്കുന്നത്.
മാധ്യമങ്ങൾക്കെതിരായുള്ള മോദിയുടെ കാടത്തം ഇവിടെ സതീശനും ചെയ്യുന്നു. സർക്കാരിനെ വിമർശിക്കുന്ന വാർത്തകളിൽ മുഖ്യമന്ത്രിയുടെ പേരോ ഫോട്ടോയോ ഉപയോഗിക്കാൻ അനുവദിക്കാത്ത കാടത്ത നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Kerala
തൃശൂർ: മുഖ്യമന്ത്രി വി.ഡി.സതീശന്റെ സ്പോൺസേർഡ് വിമാനയാത്രയിൽ പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ. ഇതേ കമ്പനിയുടെ വിമാനം പിണറായി വിജയനും ഉപയോഗിച്ചിട്ടുണ്ടെന്നും കാലം മാറുന്നതിനനുസരിച്ച് മുഖ്യമന്ത്രിമാരുടെ യാത്രയിലും മാറ്റം വേണമെന്നും മുരളീധരൻ പറഞ്ഞു.
വിമാനയാത്രയുടെ സ്പോൺസർ ആരാണെന്ന് മാധ്യമങ്ങൾക്ക് നന്നായി അറിയാം. സ്പോൺസർ ആരാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തിക്കൊള്ളും. തനിക്ക് ഇത്തരമൊരു വിമാനയാത്ര ഇപ്പോൾ നടത്തേണ്ട ആവശ്യമില്ലെന്നും മുരളീധരൻ പറഞ്ഞു. ശബരിമലയിലെ സ്വർണക്കിരീടം അവിടെയുണ്ടെന്നാണ് ദേവസ്വം ബോർഡ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയിലെ കാര്യങ്ങൾ പരിശോധിക്കാൻ എഡിഎമ്മിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം അവിടെയെത്തി വിശദമായ റിപ്പോർട്ട് തയാറാക്കും. എഡിഎമ്മിന്റെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. മുറുക്കി പിടിക്കേണ്ടതിനെ മുറുക്കി പിടിക്കും. ശബരിമല സംബന്ധിച്ച് മുഖ്യമന്ത്രി തനിക്ക് ഒരു നിർദേശവും നൽകിയിട്ടില്ല.
ശബരിമലയിൽ പണത്തിന് യാതൊരു പഞ്ഞവുമില്ല. അഗ്രസീവായി സ്റ്റാൻഡ് എടുക്കേണ്ടിടത്ത് അങ്ങനെതന്നെ ചെയ്യും. സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ലെന്നും മന്ത്രി പറഞ്ഞു. 657 ഇനം മരുന്നുകൾ ആശുപത്രികളിൽ സ്റ്റോക്കുണ്ട്. ചിലർ ബ്ലാക്ക് സ്റ്റോക്ക് ഏജന്റുമാരായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ ആശുപത്രികളിൽ ഒരു മരുന്നിനും ക്ഷാമമില്ലെന്നും മന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: മാസപ്പടിക്കേസിലെ ഇഡി ശിപാർശക്കത്തിൽ സർക്കാർ തീരുമാനം ഉടനുണ്ടായേക്കും. ഇതു സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി മുഖ്യമന്ത്രി വി.ഡി.സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തുകയാണ്.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി.വീണ, ഇവരുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനി, ഭർത്താവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഇഡിയുടെ പ്രധാന ശിപാർശ.
അന്വേഷണത്തിൽ കണ്ടെത്തിയതായി ഇഡി ചൂണ്ടിക്കാട്ടുന്നവിവരങ്ങൾ വിശദീകരിച്ചുകൊണ്ട് സംസ്ഥാന പൊലിസ് മേധാവിക്ക് അന്വേഷണ ഏജൻസി ഔദ്യോഗികമായി കത്ത് നൽകിയിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് സർക്കാർ തലത്തിൽ ചർച്ച നടക്കുന്നത്.
Kerala
തിരുവനന്തപുരം: റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിനെതിരെയുള്ള നടപടിയിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ. ആന്റോ അഗസ്റ്റിന് പല കേസിലും പ്രതിയാണെന്നും ഇതാണോ മാധ്യമപ്രവര്ത്തനമെന്നും മുഖ്യമന്ത്രി ചോദിച്ചു. നിരവധി വഞ്ചനാ കേസുകളിലും ജിഎസ്ടി തട്ടിപ്പിലും പങ്കാളിയാണ് ആന്റോ അഗസ്റ്റിൻ.
ആന്റോയ്ക്കെതിരെയുള്ള ഗുരുതരമായ ആരോപണങ്ങൾ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷിച്ചുവരികയാണ്. കോടതി വാറന്റ് അനുസരിച്ചാണ് റെയ്ഡ് നടത്തിയത്. പൊലിസ് പൂർണ സംയമനത്തോടെയാണ് നടപടികൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലും വാർത്തയുടെ പേരിലുള്ള പ്രതികാര നടപടിയല്ലിത്.
ആന്റോയുടെ വീട്ടിൽനിന്ന് എക്സൈസ് നിയമം ലംഘിച്ച് സൂക്ഷിച്ച നിലയിൽ 137 കുപ്പി മദ്യം പിടികൂടിയിട്ടുണ്ട്. ആ കേസിന്റെ ഭാഗമായാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പ്രതിപക്ഷം റെയ്ഡിനെ എതിര്ക്കുന്നതിനെയും വി.ഡി.സതീശൻ വിമർശിച്ചു.
Kerala
തൃശൂർ: റിപ്പോർട്ടർ ടിവി ചാനൽ ഓഫീസിലെ റെയ്ഡിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൊലിസിന് എവിടെയും കയറാമെന്നും മാധ്യമപ്രവർത്തകരും സാധാരണ പൗരന്മാരാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തകരോട് രൂക്ഷമായ ഭാഷയിലാണ് സുരേഷ് ഗോപി പ്രതികരിച്ചത്.
ഇവിടുത്തെ സാധാരണ പൗരന്റെ വീട്ടിൽ പൊലിസ് എത്തുമ്പോൾ മുറ്റത്ത് മാത്രമാണല്ലോ കയറുന്നത് അല്ലേ? അയാളുടെ ഫോൺ ഒന്നും വാങ്ങിവെക്കാറില്ലല്ലോ? നിങ്ങളാരാ... മാധ്യമപ്രവർത്തകരോട് ഞാൻ നെഞ്ചുവിരിച്ച് ചോദിക്കുന്നു. നിങ്ങളും പൗരന്മാർ മാത്രമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ഇവിടുത്തെ വമ്പൻ മുതലാളിയുടെ വീട്ടിൽ കയറിയാൽ പോലും ആദ്യം ഫോൺ പിടിച്ചുവാങ്ങി വയ്ക്കും.
അവരുടെ അടുക്കള വരെ കയറും, ഫോൾ സീലിംഗ് ഉണ്ടെങ്കിൽ കുത്തിപ്പൊളിച്ചു നോക്കും. ഇത്തരം റെയ്ഡുകൾ പുതിയതല്ലെന്നും, ഇത് സോണിയാ ഗാന്ധിയുടെയോ ഇന്ദിരാഗാന്ധിയുടെയോ കാലത്ത് തുടങ്ങിയതല്ലെന്നും ഈ സിസ്റ്റം ഇന്ത്യയിൽ വന്നത് മുതൽ ഉള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം മുഖ്യമന്ത്രി വി.ഡി.സതീശനെ സുരേഷ് ഗോപി പുകഴ്ത്തി.
കേന്ദ്രമന്ത്രിയെന്ന നിലയിൽ മുഖ്യമന്ത്രി തനിക്ക് പൂർണ പിന്തുണയാണ് നൽകുന്നതെന്നും മൂന്ന് വമ്പൻ പദ്ധതികൾക്ക് അദ്ദേഹം പിന്തുണ അറിയിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി വെളിപ്പെടുത്തി. ആ പദ്ധതികൾ ഏതൊക്കെയാണെന്ന് ഇപ്പോൾ പറയുന്നില്ലെന്നും എന്നാൽ കഴിഞ്ഞ പത്തുവർഷം എൽഡിഎഫ് സർക്കാരിൽ നിന്ന് തനിക്ക് ഈ പിന്തുണ കിട്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ വ്യാജ വിവാഹ ആരോപണത്തിൽ പൊലിസ് കേസെടുത്തു. റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കിയാണ് തിരുവനന്തപുരം സിറ്റി സൈബർ പൊലിസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയെ പൊതുസമൂഹത്തിന് മുന്നിൽ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഗൂഢാലോചന നടത്തിയെന്നും എഫ്ഐആറിൽ പറയുന്നു.
കെപിസിസി വക്താവ് രാജു പി. നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലിസ് മേധാവിയുടെ നിർദേശപ്രകാരമാണ് നടപടി. കർണാടകയിലെ ബൈന്തൂർ സബ് രജിസ്ട്രാർ ഓഫീസിൽ മുഖ്യമന്ത്രി രഹസ്യമായി വിവാഹം രജിസ്റ്റർ ചെയ്തുവെന്നും ഈ രേഖകളുമായി രണ്ട് യുവാക്കൾ തന്നെ സമീപിച്ചിരുന്നുവെന്നും ആന്റോ അഗസ്റ്റിൻ ഒരു വെളിപ്പെടുത്തിയിരുന്നു. ഈ രേഖകൾ തന്റെ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
എന്നാൽ ഈ വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും വ്യാജരേഖകൾ നിർമിച്ച് സർക്കാരിനെയും മുഖ്യമന്ത്രിയെയും അട്ടിമറിക്കാൻ ശ്രമിച്ചവരെ കണ്ടെത്തണമെന്നുമാണ് രാജു പി. നായരുടെ പരാതിയിൽ പറയുന്നത്. മുഖ്യമന്ത്രിക്കെതിരായ ഇത്തരം ഗുരുതര സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും പൊലിസിനേയോ സർക്കാരിനേയോ വിവരമറിയിക്കാതിരുന്ന നടപടി സംശയാസ്പദമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
Kerala
തിരുവനന്തപുരം: മാസപ്പടിക്കേസിൽ സർക്കാരിന് ഇഡി നൽകിയ കത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി.സതീശൻ. കത്തിലെ ആരോപണങ്ങളും കുറ്റകൃത്യങ്ങളും തികച്ചും ഗൗരവതരമാണെന്നും സംഭവത്തിൽ സൂക്ഷ്മമായ നിയമപരിശോധന പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ വശങ്ങളേക്കാൾ ഉപരിയായി കത്തിലെ നിയമപരമായ വശങ്ങളാണ് പരിശോധിക്കുന്നത്.
എത്രയും പെട്ടെന്ന് തന്നെ ഉചിതമായ തീരുമാനത്തിൽ എത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനും മുഹമ്മദ് റിയാസും ഇക്കാര്യത്തിൽ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി. ഏത് ഡയറിയെന്നും എന്ത് ഡയറിയെന്നുമാണ് ഒരാൾ ചോദിച്ചതെങ്കിൽ ഭാവി ബിസിനസിനെക്കുറിച്ചുള്ള കാര്യങ്ങളാണ് ഡയറിയിലുള്ളതെന്നാണ് മറ്റൊരാൾ പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ തലയിലും വോട്ടർമാരുടെ തലയിലും മാത്രം കെട്ടിവെച്ച് യഥാർത്ഥ ഉത്തരവാദികൾ രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. തെരഞ്ഞെടുപ്പിൽ എന്തുകൊണ്ടാണ് തോറ്റതെന്ന് ഇപ്പോഴും തിരിച്ചറിയാൻ സാധിക്കാത്തത് നല്ല കാര്യമാണ്. ഇതിന് പിന്നിലുള്ളവർ തടിയൂരുന്ന കാഴ്ചയാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: ബ്രിക്സ് രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ കണ്ടന്റ് ക്രിയേറ്റർമാരുമായും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുമായും മുഖ്യമന്ത്രി വി.ഡി. സതീശൻ സംവദിച്ചു. ക്ലിഫ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ 19 രാജ്യങ്ങളിൽ നിന്നുള്ള 35 പ്രതിനിധികൾ പങ്കെടുത്തു. യഥാർഥ കേരള സ്റ്റോറി ആഗോള സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ കൂടിക്കാഴ്ച അവസരമൊരുക്കിയതായി മുഖ്യമന്ത്രി എക്സിലൂടെ വ്യക്തമാക്കി.
600 കിലോമീറ്റർ നീളമുള്ള തീരദേശവും ജൈവവൈവിധ്യ സമ്പന്നമായ പശ്ചിമഘട്ടവും അതിരിടുന്ന കേരളം അതിവേഗം ആഗോള നിക്ഷേപ കേന്ദ്രമായി ഉയർന്നുവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വികസിച്ചുകൊണ്ടിരിക്കുന്ന തുറമുഖ-വ്യോമയാന അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും ഡോക്ടർമാർ, എൻജിനിയർമാർ, ഐടി വിദഗ്ധർ എന്നിവരടങ്ങുന്ന ലോകോത്തര മാനവവിഭവശേഷിയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ആയുർവേദത്തിന്റെയും സമഗ്ര ആരോഗ്യപരിചരണത്തിന്റെയും ആഗോള കേന്ദ്രമായി കേരളത്തെ മാറ്റാനുള്ള കാഴ്ചപ്പാടും സതീശൻ പങ്കുവെച്ചു. സുസ്ഥിര വികസനത്തിന്റെ മാതൃകയായ കേരളം രാജ്യത്തെ ആദ്യ പൂർണ സാക്ഷരതാ സംസ്ഥാനമെന്ന നേട്ടത്തിന് പിന്നാലെ പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്നതിലേക്കും മുന്നേറുകയാണെന്ന് അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റുകൾ നീക്കം ചെയ്തതിനെതിരെ മെറ്റയ്ക്കും കേന്ദ്ര ഐടി മന്ത്രാലയത്തിനും കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. ആശാവർക്കർമാർക്കുള്ള ഓണം ഉത്സവബത്ത പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട പോസ്റ്റും നബിദിനാശംസകളുടെ പോസ്റ്റുമാണ് നീക്കം ചെയ്തത്.
പോസ്റ്റുകൾ പുനഃസ്ഥാപിക്കണമെന്നും ഉള്ളടക്കം നീക്കം ചെയ്തതിന്റെ കാരണം വ്യക്തമാക്കണമെന്നും മെറ്റയോട് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു. ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ കേന്ദ്ര ഐടി മന്ത്രാലയം ഇടപെടണമെന്നും കത്തിൽ പറയുന്നു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലെ പോസ്റ്റുകൾ മുമ്പും നീക്കം ചെയ്തിട്ടുണ്ട്.
നേരത്തെ മുഖ്യമന്ത്രി വി.ഡി.സതീശനെ വിമർശിക്കുന്ന പോസ്റ്റുകൾ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തതും വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പോസ്റ്റുകൾ മെറ്റ പിൻവലിച്ചതെന്ന ആരോപണം അന്ന് ഉയർന്നിരുന്നു. എന്നാൽ പിന്നീട് ഈ വാദം തെറ്റാണെന്ന് വ്യക്തമായി. ആരും ആവശ്യപ്പെട്ടിട്ടല്ല പോസ്റ്റുകൾ നീക്കം ചെയ്തതെന്നും സാങ്കേതിക പിഴവാണ് സംഭവിച്ചതെന്നുമാണ് അന്ന് മെറ്റ വിശദീകരിച്ചത്.
സംഭവത്തിൽ വിശദീകരണം തേടി സംസ്ഥാന പൊലിസ് മെറ്റയെ സമീപിച്ചിരുന്നു. സാങ്കേതിക പിഴവിനെ തുടർന്നാണ് പോസ്റ്റുകൾ നീക്കം ചെയ്തതെന്നും നീക്കം ചെയ്ത പോസ്റ്റുകൾ പിന്നീട് പുനഃസ്ഥാപിച്ചെന്നും മെറ്റ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ തുടങ്ങിയവരുടെ ചിത്രങ്ങൾ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനായി മെറ്റ ഉപയോഗിച്ചിരുന്ന എഐ ടൂളിലുണ്ടായ പിഴവാണ് പോസ്റ്റുകൾ നീക്കം ചെയ്യാൻ കാരണമായതെന്നും അന്ന് മെറ്റ വിശദീകരിച്ചിരുന്നു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽനിന്ന് പിൻമാറാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. പിഎം ശ്രീയിൽനിന്ന് പിന്മാറിയാൽ വിദ്യാഭ്യാസ വകുപ്പിന് ലഭിക്കേണ്ട കേന്ദ്രസഹായം നഷ്ടപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് പറഞ്ഞത്.
പിഎം ശ്രീ പദ്ധതി നടപ്പാക്കരുതെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. പാർട്ടിയിൽ ആവശ്യമായ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന വിമർശനവും മുഖ്യമന്ത്രി തള്ളി. സർക്കാരിലുള്ള കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കളുമായി ആവശ്യമായ കൂടിയാലോചനകൾ നടത്താറുണ്ടെന്ന് സതീശൻ വ്യക്തമാക്കി.
അതേസമയം പിഎം ശ്രീ സിപിഎമ്മിന്റെ അടിത്തറ തകർത്ത പദ്ധതിയായിരുന്നുവെന്ന് രാഷ്ട്രീയകാര്യ സമിതിയിൽ ജോൺസൺ ഏബ്രഹാം അഭിപ്രായപ്പെട്ടു. ജോൺസൺ ഏബ്രഹാമിന്റെ നിലപാടിനെ ഷാഫി പറമ്പിൽ, ബെന്നി ബെഹനാൻ, അജയ് തറയിൽ എന്നിവർ പിന്തുണച്ചു.
പിഎം ശ്രീ പദ്ധതിയെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ഭിന്നാഭിപ്രായം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. പദ്ധതിയിൽനിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്ന ആവശ്യം നേരത്തെ ദീപാദാസ് മുൻഷി ഉന്നയിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് സർക്കാർ കേസെടുത്തതിനെ വിമർശിച്ച് വി.ഡി.സതീശൻ. അനീതിക്കും അയിത്താചാരത്തിനുമെതിരെ ശബ്ദമുയർത്തിയ രാഹുൽ ഗാന്ധിയെ കേസെടുത്ത് ഭയപ്പെടുത്താമെന്നത് സംഘപരിവാറിന്റെ വ്യാമോഹം മാത്രമാണെന്നും സതീശൻ പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ പങ്കെടുത്ത ഹൽദ്വാനിയിലെ രാംലീല മൈതാനം ശുദ്ധിയാക്കിയത് ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും എതിരായ വെല്ലുവിളിയാണ്. ഖാർഗെയെപ്പോലൊരു മുതിർന്ന നേതാവ് പങ്കെടുത്ത വേദിയിൽ സംഘപരിവാർ നടത്തിയ നടപടി അയിത്തത്തിന്റെ ആധുനിക രൂപമാണെന്നും സതീശൻ പറഞ്ഞു.
സമത്വത്തിനും മനുഷ്യന്റെ അന്തസിനും വേണ്ടിയാണ് രാഹുൽ ഗാന്ധി സംസാരിക്കുന്നത്. ഉയരുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിന് പകരം പട്ടികജാതി, പട്ടികവർഗ പീഡനനിരോധന നിയമങ്ങൾ ദുരുപയോഗം ചെയ്ത് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തത് സംഘപരിവാർ ഭരണകൂടത്തിന്റെ ഭീരുത്വമാണ് വ്യക്തമാക്കുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: മലയാളികൾക്ക് ഓണാശംസകളുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ. ജാതിമത ചിന്തകൾക്കതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷമാണ് ഓണമെന്ന് മുഖ്യമന്ത്രി തന്റെ സന്ദേശത്തിൽ പറഞ്ഞു. അതിജീവനത്തിന് പ്രചോദനം നൽകുകയും പ്രതിസന്ധികളിൽ നമ്മൾ ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവ് നൽകുകയും ചെയ്യുന്നതാണ് ഓരോ ഓണാഘോഷങ്ങളെന്ന് സതീശൻ പറഞ്ഞു.
സങ്കടങ്ങളും പ്രയാസങ്ങളും മാറ്റിവെച്ച് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം എല്ലാവർക്കും ഓണം ആഘോഷിക്കാൻ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. പ്രകൃതിദുരന്തങ്ങൾ സൃഷ്ടിച്ച പ്രയാസങ്ങൾ ഇപ്പോഴും പൂർണമായി മാറിയിട്ടില്ല. അതിജീവനത്തിനുള്ള കരുത്തും ആത്മവിശ്വാസവുമാണ് ഓരോ ആഘോഷങ്ങളിലൂടെയും നാം കൈവരിക്കുന്നതെന്ന് സതീശൻ പറഞ്ഞു.
വിലക്കയറ്റമില്ലാത്ത ഓണാഘോഷത്തിനായി സർക്കാർ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സന്തോഷത്തിനും മുന്നോട്ടുള്ള യാത്രയ്ക്കും കരുത്ത് പകരുന്നതാകട്ടെ ഇത്തവണത്തെ തിരുവോണമെന്നും സതീശൻ ആശംസിച്ചു.
സമൂഹത്തിൽ വെറുപ്പും വിദ്വേഷവും വിതച്ച് ഭിന്നിപ്പുണ്ടാക്കി അതിൽനിന്ന് നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നവർ അവസരം കാത്തിരിക്കുന്ന കാലമാണിത്. ഈ സാഹചര്യത്തിൽ ജാതിമത വ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി ഒന്നിച്ച് നിൽക്കണം. അതുതന്നെയാണ് ഓണാഘോഷത്തിന്റെ സന്ദേശമെന്നും സതീശൻ വ്യക്തമാക്കി.
Kerala
കൊച്ചി: മൂവാറ്റുപുഴ ജില്ല രൂപീകരിക്കുന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂവാറ്റുപുഴ ഏറെക്കാലമായി നേരിടുന്ന അവഗണനയും വികസന മുരടിപ്പും പരിഹരിക്കും.
മൂവാറ്റുപുഴയ്ക്ക് സംഭവിച്ച നഷ്ടങ്ങളെല്ലാം പരിഹരിക്കും. നമുക്ക് ഒരു നഷ്ടം സംഭവിച്ചാൽ അതിന്റെ പലിശ സഹിതം തിരിച്ചുപിടിക്കണമെന്നാണ് ആഗ്രഹം. പലിശ സഹിതം മൂവാറ്റുപുഴയ്ക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു. മൂവാറ്റുപുഴ ജില്ലയാക്കണമെന്ന ആവശ്യം ഉന്നയിച്ചപ്പോൾ തനിക്ക് ചെറിയ വിഷമമുണ്ടായെന്നും സതീശൻ പറഞ്ഞു.
മൂവാറ്റുപുഴ തന്റെ ജില്ലയായ എറണാകുളത്തുനിന്ന് വേർപെടുമെന്നതാണ് അതിന് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ആവശ്യം ഗൗരവത്തോടെ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ഡീലിമിറ്റേഷൻ കമ്മീഷനെ കൊണ്ടുവരും.
അതിന്റെ ഭാഗമായി മൂവാറ്റുപുഴ ജില്ലയെന്ന ആവശ്യവും സർക്കാർ പരിഗണിക്കും. പ്രദേശത്തിന്റെ വികസന പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കമായി. ലോകത്തേക്ക് കേരളത്തിന്റെ വികസന കവാടം തുറന്നുവെന്ന് ഗേറ്റ് വേ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. വികസന ചരിത്രത്തിലെ സുപ്രധാന ദിനമാണിത്.
വിഴിഞ്ഞത്തെ കേരളത്തിന്റെ വികസനത്തിനായി പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഇനി ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. റോഡ്-റെയിൽ കണക്ടിവിറ്റി, ലോജിസ്റ്റിക്സ് പാർക്ക് ഉൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചി തുറമുഖ വികസനം, ക്രൂയിസ് ടെർമിനൽ, ഓഷ്യനേറിയം, പോർട്ട് സിറ്റി, മിഷൻ സമുദ്ര തുടങ്ങിയ പദ്ധതികളും മുന്നോട്ടുകൊണ്ടുപോകും. വിഴിഞ്ഞത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി കേരളത്തിന്റെ വ്യാപാര-വ്യവസായ മേഖലയിൽ വലിയ മാറ്റമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം ഉദ്ഘാടനച്ചടങ്ങ് ബിജെപിയും ഇടതുനേതാക്കളും ബഹിഷ്കരിച്ചു. കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാളും തിരുവനന്തപുരം മേയറും ചടങ്ങിൽ പങ്കെടുത്തില്ല. പ്രതിപക്ഷ നേതാവും മറ്റ് ഇടതുനേതാക്കളും ചടങ്ങിൽ നിന്ന് വിട്ടുനിന്നു.
Kerala
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തങ്ങളുടെ വീടിന്റെ ഐശ്വര്യമാണെന്ന് പരിഹസിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഹരിക്കച്ചവടം നടക്കുന്നുവെന്ന ഗോവിന്ദന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു സതീശൻ. ഓപ്പറേഷൻ തൂഫാനിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സർക്കാർ സംരക്ഷിച്ചെന്ന ആരോപണവും മുഖ്യമന്ത്രി തള്ളി.
മുഹമ്മദ് ഹുസൈൻ, അബ്ദുൽ സലാം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയാണ് ചെയ്തതെന്നും സർക്കാർ ഒരുതരത്തിലും അവരെ സംരക്ഷിച്ചിട്ടില്ലെന്നും സതീശൻ പറഞ്ഞു. ഇവർക്കുവേണ്ടി ആരെങ്കിലും ഇടപെട്ടതായി മാധ്യമങ്ങൾക്ക് ആരോപണമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. അറസ്റ്റിലായവരിൽ ഒരാൾ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്ററാണെന്ന പ്രചാരണവും സതീശൻ നിഷേധിച്ചു.
നവകേരള സദസുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ പോലീസ് മർദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകരെന്ന നിലയിൽ ഇരുവരെയും തനിക്ക് അറിയാമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചികിത്സയിലിരിക്കെ ഫോണിൽ വിളിക്കുകയും പിന്നീട് പാർട്ടി ഭാരവാഹികൾക്കൊപ്പം വീട്ടിലെത്തി സന്ദർശിക്കുകയും ചെയ്തിരുന്നു. തുടർന്ന് മൂന്നോ നാലോ സ്ഥലങ്ങളിൽവെച്ച് ഇവരെ കണ്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായ ശേഷവും തനിക്ക് പ്രത്യേക സോഷ്യൽ മീഡിയ ടീം ഉണ്ടായിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി. ഒരിടത്തും സോഷ്യൽ മീഡിയ കോ-ഓർഡിനേറ്ററെ നിയമിച്ചിട്ടില്ല. ഓരോരുത്തരും വിവിധ സംഘടനകളിൽ അംഗങ്ങളാകുന്നതിൽ തനിക്ക് എന്ത് ചെയ്യാൻ കഴിയുമെന്നും മുഖ്യമന്ത്രി ചോദിച്ചു.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണക്കടത്ത് കേസിൽ 100 ദിവസം ജയിലിൽ കഴിഞ്ഞപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി എവിടെയായിരുന്നുവെന്ന ചോദ്യവും സതീശൻ ഉന്നയിച്ചു.
Kerala
തിരുവനന്തപുരം: പുനർജനി കേസിൽ മുഖ്യമന്ത്രി വി.ഡി. സതീശന് ക്ലീൻ ചിറ്റ് നൽകിയ നടപടിക്കെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എല്ലാ തെളിവുകളും നിലനിൽക്കെ അന്വേഷണം അവസാനിപ്പിച്ച് കുറ്റവിമുക്തനാക്കിയത് അസാധാരണ നടപടിയാണെന്ന് അദ്ദേഹം ആരോപിച്ചു.
വിദേശത്ത് പോയി ഫണ്ട് ശേഖരിക്കാൻ നിലവിലെ നിയമം അനുവദിക്കുന്നില്ലെന്നും പ്രളയകാലത്ത് സഹായം തേടാൻ മുഖ്യമന്ത്രിക്ക് പോലും അനുമതി ലഭിച്ചിരുന്നില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. വി.ഡി. സതീശൻ ഫണ്ട് അഭ്യർഥിക്കുന്നതിന്റെ വീഡിയോയും അദ്ദേഹം പുറത്തുവിട്ടു.
സ്വതന്ത്ര അന്വേഷണം അവസാനിപ്പിക്കുന്നതിൽ തിടുക്കം കാണിച്ചുവെന്ന തരത്തിലാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണമെന്നും ഗോവിന്ദൻ പറഞ്ഞു. വിദേശത്ത് നിന്ന് ഫണ്ട് സമാഹരിച്ചെന്ന ആരോപണത്തിൽ വ്യക്തത വേണമെന്നും കേസ് അവസാനിപ്പിച്ച് ക്ലീൻ ചിറ്റ് നൽകിയത് കേരളം ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദേശത്ത് നിന്ന് 22,500 പൗണ്ട് വിവിധ വ്യക്തികളിൽ നിന്നാണ് സമാഹരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. പണം വന്ന അക്കൗണ്ടിനെക്കുറിച്ചും വി.ഡി. സതീശൻ തന്നെ വിശദീകരിച്ചിട്ടുണ്ട്. വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ കൂടുതൽ അന്വേഷണം വേണം. സംഭവത്തിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: നിർമാണ സാമഗ്രികൾ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് കത്തയച്ചു. തമിഴ്നാട്ടിൽ നിന്ന് മെറ്റൽ ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികളാണ് കേരളത്തിലെ ദേശീയപാത ഉൾപ്പെടെയുള്ള പ്രധാന അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കായി എത്തിക്കുന്നത്.
നിലവിലെ നിയന്ത്രണം സംസ്ഥാനത്തെ ദേശീയപാത നിർമാണ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചതായി കത്തിൽ സതീശൻ ചൂണ്ടിക്കാട്ടി. വിഴിഞ്ഞം തുറമുഖത്തിന്റെ കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട റോഡ് വികസന പ്രവർത്തനങ്ങൾ ഉൾപ്പെടെ വിവിധ പദ്ധതികൾക്കും ഈ നിയന്ത്രണം തടസമാകുകയാണ്.
അതിനാൽ നിയന്ത്രണം പുനഃപരിശോധിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കുകയോ ഇളവ് നൽകുകയോ ചെയ്താൽ കേരളത്തിനൊപ്പം ദക്ഷിണേന്ത്യയിലെ വികസന പ്രവർത്തനങ്ങൾക്കും അത് ഗുണകരമാകുമെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്. വഖഫ് വിഷയമടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവിന്റെ വിമർശനം. വഖഫ് വിവാദത്തിൽ താൻ വർഗീയത പരത്തുന്നുവെന്ന സതീശന്റെ പരാമർശം തികച്ചും തെറ്റാണ്.
അദ്ദേഹം സംഘപരിവാറിന്റെ നാവായി മാറിയിരിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ ഉൾപ്പെടുത്തുകയെന്നത് ബിജെപിയുടെ നയമാണ്. ആ കേന്ദ്ര ഭേദഗതി ആദ്യമായി അംഗീകരിക്കുന്ന സംസ്ഥാനമായി കേരളത്തെ യുഡിഎഫ് സർക്കാർ മാറ്റിയെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
യുഡിഎഫ് സർക്കാർ സംഘപരിവാർ സേവയാണ് നടത്തുന്നത്. കോൺഗ്രസ് മുഖ്യമന്ത്രി ബിജെപിയുടെ നിലപാട് സ്വീകരിക്കാൻ പാടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഒരു ഘട്ടത്തിലും കേന്ദ്ര നിയമവുമായി യോജിച്ച നിലപാടല്ല എൽഡിഎഫ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്.
അമുസ്ലിങ്ങളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തുന്നതിനെതിരെയാണ് സർക്കാർ നിലപാടെടുത്തത്. എന്നാൽ വഖഫിൽ യുഡിഎഫ് സർക്കാർ മലക്കംമറിച്ചിലാണ് നടത്തിയത്. തർക്ക വിഷയമായ നിയമഭേദഗതി നടപ്പാക്കുമെന്നാണ് യുഡിഎഫ് സർക്കാർ കോടതിയെ അറിയിച്ചത്. കേന്ദ്ര ഭേദഗതിക്കെതിരെ ലീഗ് അടക്കം നൽകിയ ഹർജി സുപ്രീംകോടതി തള്ളിയെന്ന് സതീശൻ പറയുന്നത് തെറ്റാണ്.
വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ നിയമിക്കാൻ തയാറാണെന്ന് എൽഡിഎഫ് സർക്കാർ കോടതിയിൽ പറഞ്ഞിട്ടില്ല. ജനങ്ങളെ ബോധപൂർവം തെറ്റിധരിപ്പിക്കാനാണ് സതീശൻ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
National
ന്യൂഡൽഹി: പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ ഹൈക്കമാൻഡിനെ നിലപാട് അറിയിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. സർക്കാരുമായി പൂർണമായും സഹകരിച്ചുപോകാൻ കഴിയുന്ന ആളായിരിക്കണം പാർട്ടി പ്രസിഡന്റെന്ന് അദ്ദേഹം പറഞ്ഞു.
കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെയുമായി കൂടിക്കാഴ്ച നടത്തിയശേഷം സതീശന് രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയേക്കും. ബെന്നി ബഹനാൻ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ, ആന്റോ ആന്റണി തുടങ്ങിയ എംപിമാരും മാത്യു കുഴൽനാടൻ എംഎൽഎ, ജോസഫ് വാഴയ്ക്കൻ എന്നിവരുമാണ് അധ്യക്ഷ പദവിക്കായുള്ള സാധ്യതാ പട്ടികയിൽ മുൻനിരയിലുള്ളത്.
അതോടൊപ്പം അടൂർ പ്രകാശ്, കെ.സി. ജോസഫ്, എം.എം. ഹസൻ എന്നിവരും പദവിയിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഒരാൾക്ക് ഒരു പദവി എന്ന മാനദണ്ഡം കർശനമാക്കാതെ കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണ്. എന്നാൽ പ്രാഥമിക ചർച്ചകൾ പൂർത്തിയായെങ്കിലും അന്തിമ തീരുമാനത്തിലെത്താൻ ഹൈക്കമാൻഡിന് സാധിച്ചിട്ടില്ല.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റിലെ ഓഫീസിൽ ഇരുന്പു മറ ഇല്ല. മുഖ്യമന്ത്രി വി.ഡി. സതീശനെ സെക്രട്ടേറിയറ്റിലെ ഓഫീസിൽ നേരിട്ടു കണ്ടു പരാതി പറയാൻ പൊതുജനങ്ങൾക്കു നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫീസ്.
മുഖ്യമന്ത്രി തലസ്ഥാനത്തുള്ള ദിവസങ്ങളിൽ നിശ്ചയിച്ച സമയം ജനങ്ങൾക്ക് അദ്ദേഹത്തെ സന്ദർശിക്കാനാകും. സെക്രട്ടേറിയറ്റ് ഗേറ്റിൽ സന്ദർശകർക്കായി പാസ് വിതരണം ചെയ്യുന്ന പ്രത്യേക കൗണ്ടർ പ്രവർത്തിക്കുന്നുണ്ട്.
സന്ദർശകർ തങ്ങളുടെ ആധാർ കാർഡ് കൗണ്ടറിൽ ഹാജരാക്കി സന്ദർശക പാസ് വാങ്ങണം. തിരക്കു കാരണം മുഖ്യമന്ത്രിയെ കാണാൻ അല്പം സമയമെടുത്തേക്കാമെങ്കിലും, എത്തുന്ന എല്ലാവരെയും നേരിൽ കാണാൻ അദ്ദേഹം സമയം കണ്ടെത്തുന്നുണ്ടെന്നും ഓഫീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് നൽകുന്ന 2026-ലെ സംസ്ഥാന-ജില്ലാതല അവാർഡുകൾ മുഖ്യമന്ത്രി വി.ഡി. സതീശൻ വിതരണം ചെയ്യും. ഇന്നു രാവിലെ 10ന് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിലാണ് ചടങ്ങ്.
സംസ്ഥാനത്തെ 2,284 സർക്കാർ, എയ്ഡഡ് ഹൈസ്കൂളുകളിൽ നടപ്പാക്കുന്ന ‘ലിറ്റിൽ കൈറ്റ്സ്’ ഐടി ക്ലബുകൾ കുട്ടികളുടെ രാജ്യത്തെ ഏറ്റവും വലിയ ഐടി ശൃംഖലയാണ്. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥിയാകും. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) തുടങ്ങിയ മേഖലകളിലെ പരിശീലനങ്ങൾ, സാമൂഹിക ഇടപെടലുകൾ, സ്കൂൾ വിക്കി, ഡിജിറ്റൽ മാഗസിൻ, ഹൈടെക് ക്ലാസ് മുറികളുടെ പരിപാലനം എന്നിവയിലെ മികവിന്റെ അടിസ്ഥാനത്തിലാണ് അവാർഡുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനതലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്ന സ്കൂളുകൾക്ക് യഥാക്രമം 2.5 ലക്ഷം രൂപ, 2 ലക്ഷം രൂപ, 1.5 ലക്ഷം രൂപ വീതം ലഭിക്കും.ജില്ലാതലത്തിൽ ഒന്നാം സ്ഥാനത്തിന് 40,000 രൂപയും രണ്ടാം സ്ഥാനത്തിന് 30,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും നൽകും.ചടങ്ങ് കൈറ്റ് വിക്ടേഴ്സ് ചാനലിലും കൈറ്റിന്റെ വെബ് പ്ലാറ്റ്ഫോമുകളിലും തത്സമയം സംപ്രേഷണം ചെയ്യും.
Kerala
തിരുവനന്തപുരം: എസ്. ജാനകിയുടെ വിയോഗത്തില് അനുശോചിച്ച് മുഖ്യമന്ത്രി വി.ഡി.സതീശന്. തെന്നിന്ത്യൻ സിനിമാ സംഗീതത്തിലെ ഏറ്റവും ഔന്നത്യമുള്ള വ്യക്തിത്വമായിരുന്നു ജാനകിയമ്മയെന്ന് അദ്ദേഹം അനുസ്മരിച്ചു. ആ കണ്ഠത്തിന് വഴങ്ങാത്തതായി ഒന്നുമില്ലായിരുന്നു.
സമസ്ത ഭാവങ്ങളും ജാനകിയമ്മ മറ്റാര്ക്കും കഴിയാത്ത വിധം അനശ്വരമാക്കിയെന്നും സതീശൻ അനുസ്മരിച്ചു. ഒരു ഗായിക എന്നതിന് അപ്പുറം എസ്. ജാനകി നമ്മുടെ കുടുംബാംഗമായത് ആ ശബ്ദം നല്കിയ സ്നേഹ വാത്സല്യങ്ങളിലൂടെയാണ്. കാലത്തെ അതിജീവിക്കുന്ന അമൂല്യ സമ്പത്താണ് ജാനകിയമ്മയുടെ ഗാനങ്ങള്.
ആറ് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ സ്വരമാധുര്യം കൊണ്ട് വിസ്മയിപ്പിച്ച പ്രതിഭയാണ് അവർ. സങ്കടത്തിലും സന്തോഷത്തിലും വിരഹത്തിലും പ്രണയത്തിലും മലയാളിയുടെ ശബ്ദവും വികാരവും വിചാരവും നിര്ണയിച്ച മഹാസ്വരത്തിന് നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
Kerala
തിരുവനന്തപുരം: കഴിഞ്ഞ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന സ്ത്രീ സുരക്ഷാ പദ്ധതി അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകി. റൂൾ 50 പ്രകാരം എ.സി. മൊയ്തീൻ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
ഗാർഹിക ജോലികളുടെ മൂല്യം തിരിച്ചറിഞ്ഞ് മുൻ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന വിപ്ലവകരമായ പദ്ധതിയാണിത്. 14 ലക്ഷത്തോളം വരുന്ന പാവപ്പെട്ട സ്ത്രീകളുടെ ക്ഷേമത്തെ ബാധിക്കുന്ന വിഷയമാണിതെന്നും അദ്ദേഹം സഭയിൽ ചൂണ്ടിക്കാട്ടി. എല്ലാ കാര്യങ്ങളിലും അതിവേഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ തീരുമാനങ്ങൾ എടുക്കുന്നുണ്ട്.
എന്നാൽ പാവപ്പെട്ട സ്ത്രീകളുടെ കാര്യത്തിൽ മാത്രം വേഗതയില്ലാത്തത് എന്തുകൊണ്ടാണ്. സർക്കാരിന്റെ ഇപ്പോഴത്തെ നിലപാട് സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ സഭയിൽ നൽകിയത്.
യാതൊരുവിധ തയാറെടുപ്പുകളുമില്ലാതെയാണ് മുൻ സർക്കാർ ഈ പദ്ധതി പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ആദ്യഘട്ട സഹായ വിതരണവും നടത്തിയത്. ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത രീതിയിലും വലിയ അപാകതകളുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായിരുന്നു സ്ത്രീകളോട് എൽ ഡി എഫ് സർക്കാർ ഈ സ്നേഹം കാട്ടിയത്. വിശദമായി പഠിച്ച ശേഷം മാത്രം പദ്ധതിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വിവരിച്ചു. തുടർന്ന് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയും ചെയ്തു.
Kerala
തിരുവനന്തപുരം: എഫ്സിആര്എ ചട്ട ഭേദഗതി പ്രതിഷേധാര്ഹമാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ചട്ട ഭേദഗതിയോടെ രാജ്യത്ത് സന്നദ്ധസംഘടനകള്ക്ക് പ്രവര്ത്തിക്കാനാകാത്ത സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
ഉത്തരേന്ത്യയിലെയും വടക്കു കിഴക്കന് സംസ്ഥാനങ്ങളിലെയും ആദിവാസി മേഖലകളില് വിദ്യാഭ്യാസ സാമൂഹിക പ്രവര്ത്തനങ്ങള് നടത്തുന്ന സന്നദ്ധ സംഘടനകളെ ഇല്ലാതാക്കുന്നതാണ് ഈ ഭേദഗതി. സംഘ്പരിവാര് സംഘടനകളുടെ ആവശ്യപ്രകാരം ഭരണകൂടത്തിന് രാജ്യത്തെ ഏത് സംഘടനകളുടെയും പ്രവര്ത്തനം നിരോധിക്കാനാകും.
ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യം വച്ചുള്ള ചട്ടഭേദഗതിയില് നിന്നും അടിയന്തരമായി പിന്മാറാന് കേന്ദ്ര സര്ക്കാര് തയാറാകണം. വിഷയത്തില് ബിജെപി സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Kerala
ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളി പ്രമാണിച്ച് കുട്ടനാട്ടിൽ പ്രാദേശിക അവധി നൽകാത്തതിൽ അതൃപ്തി പരസ്യമാക്കി റെജി ചെറിയാൻ എംഎൽഎ. സഭയിൽ അനുകൂല മറുപടി നൽകിയ ശേഷം മുഖ്യമന്ത്രി നടത്തിയ രഹസ്യപരാമർശം തന്നെ ഏറെ വിഷമിപ്പിച്ചു.
മുന്നണിക്കകത്തുള്ള എംഎൽഎ എന്ന നിലയിൽ മുഖ്യമന്ത്രിയോട് നേരിട്ട് ഇക്കാര്യം ചോദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 29-ാം തീയതി ചമ്പക്കുളം മൂലം വള്ളംകളി പ്രമാണിച്ച് പ്രാദേശിക അവധി വേണമെന്ന് റെജി ചെറിയാൻ സഭയിൽ ആവശ്യപ്പെട്ടിരുന്നു. പരിഗണിക്കാമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ മറുപടി നൽകിയിരുന്നു.
എന്നാൽ മുഖ്യമന്ത്രി കസേരയിലേക്ക് തിരിച്ചെത്തിയ ശേഷം തൊട്ടടുത്തിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടിയോട് ഒരു കാരണവശാലും നൽകില്ല എന്ന് പറയുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. മുഖ്യമന്ത്രി ഏത് സാഹചര്യത്തിലാണ് അങ്ങനെയൊരു പരാമർശം നടത്തിയതെന്ന് അറിയില്ലെന്ന് റെജി ചെറിയാൻ പറഞ്ഞു.
ഇതിനെ പരിഹസിച്ച് പ്രതിപക്ഷം രംഗത്തെത്തി. ഇത്രേയുള്ളൂ വി.ഡി. സതീശന്റെ വിശ്വാസ്യതയെന്ന് വീഡിയോ ഷെയർ ചെയ്ത് കെ.യു. ജനീഷ് കുമാർ എംഎൽഎ പരിഹസിച്ചു. ബിനീഷ് കോടിയേരിയും സതീശനെ പരിഹസിച്ച് രംഗത്തെത്തി.
Kerala
തിരുവനന്തപുരം: മദ്യനികുതിയിളവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങൾ നിയമസഭാ രേഖകളിൽ നിന്ന് നീക്കണമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉന്നയിച്ച ബെക്കാർഡി അഴിമതി ആരോപണം ചട്ടവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
മുൻകൂട്ടി നോട്ടീസ് നൽകാതെയാണ് ഇത്തരം ഒരു ആരോപണം ഉന്നയിച്ചതെന്നും ഭരണപക്ഷം ചൂണ്ടിക്കാട്ടി. വിഷയത്തിൽ ആവശ്യമായ പരിശോധന നടത്താമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സഭയ്ക്ക് ഉറപ്പുനൽകി. നികുതിയിളവ് സംബന്ധിച്ച് അഴിമതി ആരോപണം പ്രതിപക്ഷം ഉന്നയിച്ചത് നിയമസഭാ ചട്ടങ്ങൾ കാറ്റിൽപ്പറത്തിക്കൊണ്ടാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു.
നോട്ടീസിൽ ഒരിടത്തും പരാമർശിക്കാത്ത വിഷയം സഭയിൽ ഉന്നയിച്ചത് ചട്ടവിരുദ്ധമാണ്. അതിനാൽ ഇത് സഭാ രേഖകളിൽ നിന്ന് പൂർണമായി നീക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പ്രതിപക്ഷ ആരോപണം ഒരു കാരണവശാലും രേഖയിൽ കാണരുതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ പരിശോധിക്കും എന്നായിരുന്നു സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മറുപടി.
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദ്ദേശത്തിന് പിന്നിൽ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞത്. വിഷയത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രസംഗിക്കവെയാണ് പ്രതിപക്ഷ നേതാവ് അഴിമതി ആരോപണം ഉയർത്തിയത്.
Kerala
തിരുവനന്തപുരം: കെ.കെ.മഹേശൻ ജീവനൊടുക്കിയ കേസിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വി.എം.സുധീരൻ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്ത് നൽകി. കഴിഞ്ഞ ജൂൺ ആറിന് വിഷയത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് സുധീരൻ കത്തിൽ പറയുന്നു.
കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ കത്തിന്റെ പകർപ്പ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും കൈമാറിയിട്ടുണ്ട്. വെള്ളാപ്പള്ളി നടേശൻ നിയമസംവിധാനത്തെ പരസ്യമായി വെല്ലുവിളിക്കുകയാണ്.
ഈ സാഹചര്യത്തിൽ ഭരണസംവിധാനം ഉണർന്നു പ്രവർത്തിക്കാൻ ഇനിയും വൈകരുതെന്നും സുധീരൻ കത്തിലൂടെ ആവശ്യപ്പെട്ടു. കെ.കെ.മഹേശൻ ജീവനൊടുക്കിയതിൽ തനിക്ക് കുറ്റബോധമില്ലെന്ന് വെള്ളാപ്പള്ളി നടേശൻ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കേസിൽ സിബിഐ അന്വേഷണം വരട്ടെ. മഹേശനായിരുന്നു എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നും തെറ്റ് ചെയ്തുവെന്ന് ബോധ്യമുള്ളതുകൊണ്ടാണ് അദ്ദേഹം ജീവനൊടുക്കിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനുമുള്ള സൗജന്യ യാത്രാ പദ്ധതിക്ക് ഇന്ന് തുടക്കമാകും. രാവിലെ എട്ടരയ്ക്ക് തിരുവനന്തപുരം തമ്പാനൂരിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടനത്തിന് ശേഷം വനിതാ യാത്രക്കാർക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യ ബസ് യാത്രയിൽ പങ്കാളികളാകും. കെഎസ്ആർടിസിയിൽ പിഎസ്സി വഴി നിയമനം നേടിയ ആദ്യ വനിതാ ഡ്രൈവർ വി.പി.ഷീലയാണ് ഉദ്ഘാടന സർവീസിന്റെ ബസ് ഓടിക്കുന്നത്.
സ്തീകൾക്ക് സൗജന്യമുള്ള ഓർഡിനറി ബസുകൾ തിരിച്ചറിയാനായി ബസുകളിൽ പ്രിയദർശിനി സ്റ്റിക്കർ പതിച്ചിട്ടുണ്ട്. വരുമാനമോ പ്രായമോ പരിഗണിക്കാതെയും പ്രത്യേക നിബന്ധനകളില്ലാതെയുമാണ് ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കുന്നത്.
അതേസമയം പദ്ധതിയുടെ ഉദ്ഘാടന പരിപാടി ബഹിഷ്കരിക്കുമെന്ന് സിപിഎം വ്യക്തമാക്കി. പരിപാടിയിൽ നിന്ന് പൂർണമായി വിട്ടുനിൽക്കാൻ പാർട്ടി തങ്ങളുടെ മുഴുവൻ എംഎൽഎമാർക്കും സിപിഎം കർശന നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് ബിജെപിയും പ്രതിഷേധം നടത്തുന്നുണ്ട്.
Kerala
തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശനും മെട്രോമാൻ ഇ.ശ്രീധരനും കൂടിക്കാഴ്ച നടത്തി. കെ റെയിലിന് ബദലായി മുന്നോട്ടുവെച്ച പുതിയ പാതയുടെ ഇടക്കാല റിപ്പോർട്ട് ഇ.ശ്രീധരൻ മുഖ്യമന്ത്രിക്ക് കൈമാറി.
വിഷയത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കാർ തീരുമാനം അറിയിക്കുമെന്നാണ് സൂചന. നിലവിലെ പദ്ധതികളെ അപേക്ഷിച്ച് ഈ ബദൽ പാതയ്ക്ക് സ്ഥലം ഏറ്റെടുക്കൽ വളരെ കുറച്ചുമാത്രം മതി. അതിനാൽ പദ്ധതിയോട് അനുകൂലമായിട്ടാണ് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചത്.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പൊന്നാനി എംഎല്എ കെ.പി.നൗഷാദലി ഇ.ശ്രീധരനെ വീട്ടിലെത്തി കണ്ടിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഇന്ന് സെക്രട്ടേറിയറ്റിൽ വിശദമായ ചർച്ച നടന്നത്. നേരത്തെ തന്നെ പുതിയ അതിവേഗ പാതയെന്ന നിർദേശം ശ്രീധരൻ മുന്നോട്ടുവച്ചിരുന്നു.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ പരമാവധി തൂണുകളിലൂടെയും ഭൂഗർഭ പാതയായും നടപ്പാക്കുന്ന പദ്ധതിക്ക് ഒരു ലക്ഷം കോടി രൂപ വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നാല് വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കുന്നതായിരിക്കും പാത.
Kerala
തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19ന് അവതരിപ്പിക്കും. ധനവകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കായതിനാൽ വി.ഡി. സതീശനായിരിക്കും ബജറ്റ് അവതരിപ്പിക്കുക. സമ്പൂർണ ബജറ്റായിരിക്കും അവതരിപ്പിക്കുക.
നിയമസഭാ കലണ്ടർ പ്രകാരം ജൂൺ 19 നാണ് ബജറ്റ് അവതരണം നിശ്ചയിച്ചിട്ടുള്ളത്. അവതരണത്തിനുശേഷം വിശദമായ ബജറ്റ് ചർച്ചകളോടെ നിയമസഭാ സമ്മേളനത്തിലേക്ക് കടക്കും. അതേസമയം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചകൾ ജൂൺ രണ്ടിന് ആരംഭിക്കും.
ജൂൺ ഒന്നിന് സ്കൂൾ പ്രവേശനത്തോത്സവം നടക്കുന്നതിനാൽ മന്ത്രിമാർക്ക് വിവിധ ജില്ലകളിലും എംഎൽഎമാർക്ക് മണ്ഡലങ്ങളിലും ചടങ്ങുകളിൽ പങ്കെടുക്കേണ്ടതുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് നന്ദിപ്രമേയ ചർച്ച രണ്ടിലേക്ക് മാറ്റിയത്. ഡപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ജൂൺ രണ്ടിന് നടക്കും. നിയമസഭയിലെ ഇപ്പോഴത്തെ കക്ഷി നില അനുസരിച്ചു കോണ്ഗ്രസിലെ ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കറാകും.
Kerala
കൊച്ചി: മുനമ്പം ഭൂമി വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശന് മറുപടിയായി മുൻ മന്ത്രി പി.രാജീവ്. പത്തു മിനിറ്റ് ഇൻസ്റ്റന്റ് പരിഹാരം ഇല്ലെങ്കിൽ കമ്മീഷൻ നിലപാട് അംഗീകരിച്ചു മുന്നോട്ട് പോകാൻ സർക്കാർ തയാറാകണം.
സി.എൻ. രാമചന്ദ്രൻ കമ്മീഷൻ പഠിച്ചു തീരുമാനം എടുക്കണമെന്നും രാജീവ് പറഞ്ഞു. താമസിക്കുന്ന ആളുകളുടെ ഭൂമി സംരക്ഷിക്കണം എന്നായിരുന്നു എൽഡിഎഫ് സർക്കാർ നിലപാട്. കോടതി ഇത് അംഗീകരിച്ചില്ല. വഖഫ് ആണെങ്കിൽ ഫാറൂഖ് കോളജിന് പകരം ഭൂമി നൽകണം.
സി.എൻ. രാമചന്ദ്രൻ കമ്മീഷന്റെ നിർദേശം അനുസരിച്ചു ചെയ്താൽ കോടതിയിലും പ്രയോജനം ലഭിക്കുമെന്നും രാജീവ് വ്യക്തമാക്കി. പത്തു മിനിറ്റില് തീരുമാനം എടുപ്പിക്കാതിരിക്കാൻ മുൻ സർക്കാർ പോകുന്ന പോക്കിൽ എട്ടിന്റെ പണി തന്നു എന്നാണ് മുഖ്യമന്ത്രി അവകാശപ്പെട്ടത്.
രണ്ട് മതവിഭാഗങ്ങളെ ശത്രുക്കൾ ആക്കാനുള്ള നീക്കമാണ് നടന്നത്. മുൻ സർക്കാർ അതാണ് ചെയ്തത്. പോകുന്ന പോക്കിൽ വഖഫ് ബോർഡ് തന്നെ ഉമീദ് പോർട്ടലിലേക്ക് ഉൾപ്പെടുത്തി. എട്ടിന്റെ പണി തന്നിട്ടാണ് വഖഫ് ബോർഡ് പോയതെന്നും സതീശൻ പറഞ്ഞു.
National
ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി.സതീശൻ ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കേരളവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ ചർച്ചയാകുമെന്നാണ് സൂചന. മുഖ്യമന്ത്രിയായശേഷം ആദ്യമായി ഡൽഹിയിലെത്തിയ സതീശൻ മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തി.
ശനിയാഴ്ച രാവിലെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ സന്ദർശിച്ചുകൊണ്ടാണ് വി.ഡി.സതീശൻ കൂടിക്കാഴ്ചകൾക്ക് തുടക്കമിട്ടത്. തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും അദ്ദേഹം സന്ദർശിച്ചു. ഖർഗെയുമായുള്ള കൂടിക്കാഴ്ചയിൽ കെപിസിസി പുനഃസംഘടന ഉൾപ്പെടെയുള്ള സുപ്രധാന സംഘടനാ കാര്യങ്ങൾ ചർച്ചയായതായാണ് സൂചന.
ഇതിനുശേഷമാണ് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ കാണാൻ സതീശൻ എത്തിയത്. തെരഞ്ഞെടുപ്പിൽ ഹൈക്കമാൻഡ് നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നേതാക്കളോട് നന്ദി അറിയിച്ചു.
Kerala
കൊച്ചി: മുഖ്യമന്ത്രി വി.ഡി.സതീശന്റെ സത്യപ്രതിജ്ഞയിലെ ജാതിപ്പേര് പരാമർശത്തെ പരോക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. സത്യപ്രതിജ്ഞാ ചടങ്ങിൽ വടശേരി ദാമോദര മേനോൻ സതീശനെന്ന് മുഖ്യമന്ത്രി പറഞ്ഞതിനെ ട്രോളിയാണ് ജിന്റോ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
വൻ പേരും പഞ്ചും നോക്കുന്നതിനേക്കാൾ ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് കുറേക്കൂടി ഇൻക്ലൂസീവെന്ന് അദ്ദേഹം കുറിച്ചു. വലിയ പേരുകളെക്കാൾ ലളിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ രാഷ്ട്രീയമാണ് തനിക്ക് പ്രിയമെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വന്തം പേര് ഉദാഹരിച്ചായിരുന്നു ജിന്റോയുടെ പോസ്റ്റ്.
തേക്കുംകാട്ടിൽ ജോൺ റോമൻ കാത്തലിക് ജിന്റോ എന്നല്ല, ജിന്റോ ജോൺ. അത് മതി. അങ്ങനെ അറിയപ്പെട്ടാൽ മതി. അതല്ലേ അതിന്റെ ഒരു ബ്യൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. തന്റെ രാഷ്ട്രീയം സ്വന്തം ബോധ്യങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്.
അതിൽ അൽപ്പം ഇടതുപക്ഷ ആഭിമുഖ്യമുള്ള കോൺഗ്രസ് ബോധ്യമാണ് താൻ മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പരോക്ഷ വിമർശനം സോഷ്യൽ മീഡിയായിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ടുവെച്ച അഞ്ച് ഗ്യാരന്റികൾ നടപ്പിലാക്കുന്നു. ആദ്യപടിയായി ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ വ്യക്തമാക്കും. രാജ്യത്ത് തന്നെ ആദ്യമായി വയോജനങ്ങളുടെ ക്ഷേമത്തിനായി പ്രത്യേക വയോജന വകുപ്പ് രൂപീകരിക്കാനും ആദ്യമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനു പുറമെ താഴെത്തട്ടിൽ സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങളും വർധിപ്പിച്ചു.
ആശാ വർക്കർമാരുടെ ഓണറേറിയം 3,000 രൂപയും, അങ്കണവാടി ജീവനക്കാർ, സ്കൂൾ പാചകത്തൊഴിലാളികൾ, പ്രീ പ്രൈമറി ടീച്ചർമാർ, ആയമാർ എന്നിവരുടെ വേതനം 1,000 രൂപ വീതവും ആദ്യഘട്ടമായി വർധിപ്പിച്ചു. പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം 21ന് ആരംഭിക്കും.
അന്നു തന്നെ എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തും. സഭയിലെ മുതിർന്ന അംഗമായ ജി. സുധാകരനെ പ്രോടേം സ്പീക്കറായി പ്രഖ്യാപിക്കാൻ മന്ത്രിസഭ ഗവർണറോട് ശിപാർശ ചെയ്തു. ജൈജു ബാബുവിനെ പുതിയ അഡ്വക്കറ്റ് ജനറലായും ടി. അസഫ് അലിയെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായും നിയമിച്ചു.
22ന് സ്പീക്കറുടെ തെരഞ്ഞെടുപ്പ് നടക്കും. ഇതിനായി ഗവർണറേട് ശിപാർശ ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. അംഗീകാരം കിട്ടിയാൽ 29ന് ഗവർണറുടെ നയപ്രസംഗം കൂടിയുണ്ടാകും. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇറക്കുമെന്നും അടുത്ത മന്ത്രിസഭാ യോഗം ബുധനാഴ്ച ചേരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റതിനു പിന്നാലെ സെക്രട്ടേറിയറ്റിൽ മന്ത്രിമാർക്കായി ഔദ്യോഗിക ഓഫീസുകൾ ഒരുങ്ങി. സർക്കാരിന്റെ സുഗമമായ പ്രവർത്തനങ്ങൾക്കായി വിപുലമായ മാറ്റങ്ങളോടെയാണ് ഓഫീസുകൾ സജ്ജീകരിച്ചിരിക്കുന്നത്.
സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകൾ ക്രമീകരിച്ചിരിക്കുന്നത്. മന്ത്രിസഭയിലെ രണ്ടാമനും ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തലയുടെ ഓഫീസ് നോർത്ത് ബ്ലോക്കിന്റെ രണ്ടാം നിലയിലായിരിക്കും.
മുൻപ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തപ്പോഴുള്ള തന്റെ പഴയ ഓഫീസിലേക്ക് തന്നെയാണ് ചെന്നിത്തല ഇത്തവണയും തിരിച്ചെത്തുന്നത്. ചെന്നിത്തലയെ കൂടാതെ പി.കെ.കുഞ്ഞാലിക്കുട്ടി, എ.പി.അനിൽകുമാർ എന്നിവർ മുൻപ് മന്ത്രിമാരായിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന അതേ പഴയ ഓഫീസുകൾ തന്നെ ഇത്തവണയും തെരഞ്ഞെടുത്തത്.
സത്യപ്രതിജ്ഞയ്ക്ക് ശേഷം മന്ത്രിമാർ സെക്രട്ടേറിയറ്റിലെ ഓഫീസുകളിലെത്തി ചുമതലയേൽക്കും. തുടർന്ന് ക്യാബിനറ്റ് ചേരും. ആദ്യമന്ത്രിസഭാ യോഗത്തിൽ തന്നെ ജനപ്രീയ പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
Kerala
തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുമായി കൂടിക്കാഴ്ച നടത്തി. പട്ടം ബിഷപ്സ് ഹൗസിലയിരുന്നു കൂടിക്കാഴ്ച.
ഏകദേശം അരമണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും സംയുക്തമായി മാധ്യമങ്ങളെ കണ്ടു. വി.ഡി.സതീശന്റെ മുഖ്യമന്ത്രി സ്ഥാനം ഒരു ദൈവനിയോഗമാണ്. നിയുക്ത മുഖ്യമന്ത്രിക്ക് എല്ലാ ആശംസകളും നേരുകയാണെന്ന് മാർ ക്ലീമിസ് ബാവ പറഞ്ഞു.
ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളാണ് പുതിയ സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നത്. എല്ലാ സമുദായങ്ങളുടെയും ആവശ്യങ്ങൾ ഒരുപോലെ പരിഗണിക്കണമെന്നും ക്ലീമിസ് ബാവ ഓർമ്മിപ്പിച്ചു.
Kerala
കൊച്ചി: മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വി.ഡി.സതീശന് കൊച്ചിയിൽ ആവേശോജ്ജ്വല സ്വീകരണം. കണ്ണേ കരളേ വിഡിഎസേ എന്ന മുദ്രാവാക്യങ്ങളുമായി ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് നിയുക്ത മുഖ്യമന്ത്രിയെ എതിരേൽക്കാൻ വിമാനത്താവളത്തിൽ തടിച്ചുകൂടിയത്.
എംഎൽഎമാരായ റോജി എം. ജോൺ, മുഹമ്മദ് ഷിയാസ് എന്നിവരും സതീശനെ സ്വീകരിക്കാനെത്തിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടാണ് അദ്ദേഹത്തെ വാഹനത്തിലേക്ക് കയറ്റിയത്. തിങ്കളാഴ്ച രാവിലെ പത്തിന് സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
അതിനു മുമ്പ് മുതിർന്ന നേതാക്കളെ കാണാനാണ് അദ്ദേഹം കൊച്ചിയിലെത്തിയത്. ഇരുപത് മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. 21 നാണ് പതിനാറാമത് കേരള നിയമസഭയുടെ ആദ്യ സമ്മേളനം. 22ന് സ്പീക്കറെ തെരഞ്ഞെടുക്കും. 29-ാം തീയതി ഗവർണറുടെ നയപ്രഖ്യാപനം നടക്കും.
Kerala
തിരുവനന്തപുരം: വി.ഡി.സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്ക്കും ക്ഷണം. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി വിജയ്ക്ക് ക്ഷണക്കത്ത് അയച്ചു. കോണ്ഗ്രസ് ഭരിക്കുന്ന കര്ണാടക, തെലങ്കാന, ഹിമാചല്പ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും സത്യപ്രതിജ്ഞക്ക് ക്ഷണിച്ചു.
കൂടാതെ രാഹുല് ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്ജുര് ഖാര്ഗെ ഉള്പ്പെടെ കോണ്ഗ്രസിന്റെ ഉന്നത നേതാക്കളും എത്തും. ഇവരെ കൂടാതെ ഇന്ത്യാസഖ്യത്തിലെ പ്രമുഖനേതാക്കളും ചടങ്ങിൽ പങ്കെടുക്കും. ദേശീയ തലത്തിൽ ബിജെപി വിരുദ്ധ മുന്നണികൾ ശക്തിപ്പെടുത്താനുള്ള നീക്കത്തിനുള്ള വേദിയാകും വി.ഡി.സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്.
അതേസമയം സെന്ട്രല് സ്റ്റേഡിയത്തില് പന്തല് നിര്മാണം തുടരുകയാണ്. 12000 പേര്ക്ക് പന്തലില് ഇരിക്കാനുള്ള സൗകര്യവും ബാക്കിയുള്ളവര്ക്ക് സ്റ്റേഡിയത്തില് നിന്ന് സത്യപ്രതിജ്ഞ കാണാനുള്ള സൗകര്യവുമാണ് ഒരുക്കുന്നത്.
Kerala
തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ ഉമ്മൻ ചാണ്ടിയുടെ വീട് സന്ദർശിച്ചു. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മന്ത്രിയാകാൻ കഴിയാത്തതാണ് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമെന്ന് അദ്ദേഹം പറഞ്ഞു. 2006 മുതൽ 2011വരെയായിരുന്നു തന്റെ ജീവിതത്തിലെ സുവർണകാലം.
ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവായപ്പോൾ സഭയിൽ അടിയന്തര പ്രമേയമങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകി. സിഎൽപിയിൽ വിമർശിച്ചാലും പരാതി പറഞ്ഞാൽ അദ്ദേഹം നടപടി എടുക്കും. എല്ലാ അനുഗ്രഹങ്ങളും ഉണ്ടായിരിക്കണമെന്ന് മറിയാമ്മ ഉമ്മനോട് സതീശൻ ആവശ്യപ്പെട്ടു.
അധികാര പത്രാസിനിടയിൽ പാവപ്പെട്ടവരെ മറക്കരുതെന്ന് എന്നാണ് തന്റെ തീരുമാനം. പിണറായി വിജയനെ കാണാൻ പോകുമെന്നും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പിതാവിനോടുള്ള സ്നേഹം കാരണമാണ് വി.ഡി.സതീശന് പുതുപ്പള്ളി ഹൗസിൽ എത്തിയതെന്ന് ചാണ്ടി ഉമ്മനും പ്രതികരിച്ചു.
Kerala
തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ട് സർക്കാർ രൂപവത്കരണത്തിനുള്ള അവകാശവാദം ഉന്നയിച്ചതിന് ശേഷമാണ് സതീശൻ ക്ഷേത്രത്തിൽ ദർശനം നടത്തിയത്.
ക്ഷേത്രം അധികൃതർ അദ്ദേഹത്തെ സ്വീകരിച്ചു. പതിനെട്ടാം തീയതിയാണ് മുഖ്യമന്ത്രിയായി സതീശൻ സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇരുപത് മന്ത്രിമാരും അന്നുതന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലായിരിക്കും സത്യപ്രതിജ്ഞാചടങ്ങുകൾ.
മുഴുവൻ മന്ത്രിസഭാംഗങ്ങളെയും തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനിക്കാനാണ് ശ്രമം. അതേസമയം സർക്കാർ രൂപീകരിക്കാൻ ഗവർണർ സതീശനെ ക്ഷണിച്ചു.
Kerala
തിരുവനന്തപുരം: സർക്കാർ രൂപീകരിക്കാൻ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ ഗവർണർ രാജേന്ദ്ര അര്ലേക്കര് ക്ഷണിച്ചു. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സതീശൻ ലോക്ഭവനിലെത്തി ഗവർണർക്ക് പിന്തുണക്കത്ത് കൈമാറിയിരുന്നു.
വി.ഡി.സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ പത്തിന് തിരുവനന്തപുരം സെന്ട്രല് സ്റ്റേഡിയത്തില് നടക്കും. തിങ്കളാഴ്ച എല്ലാമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമോയെന്ന് ഗവർണർ ആരാഞ്ഞു. ഇക്കാര്യം പിന്നീട് അറിയിക്കാമെന്ന് വി.ഡി.സതീശൻ മറുപടി നൽകി.
അതേസമയം മുഴുവൻ മന്ത്രിമാരും ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്യാനാണ് നീക്കം. മുഴുവൻ മന്ത്രിസഭാംഗങ്ങളെയും തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനിക്കാനാണ് ശ്രമം. ഇതിനായി യുഡിഎഫിൽ ചർച്ച തുടങ്ങി.
Kerala
തിരുവനന്തപുരം: വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കും. മുഴുവൻ മന്ത്രിമാരും ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്യാനാണ് നീക്കം. മന്ത്രിമാരെ ഉടൻ തീരുമാനിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
കെ. മുരളീധരന്, സണ്ണി ജോസഫ്, എ.പി.അനില്കുമാര് എന്നിവര് മന്ത്രിസഭയില് ഉണ്ടാകുമെന്ന് ഏറക്കുറെ ഉറപ്പായി. 21ന് നിയമസഭ ചേരുമ്പോള് എംഎല്എമാരും സത്യപ്രതിജ്ഞ ചെയ്യും. എന്.ശക്തന് പ്രോട്ടേം സ്പീക്കര് ആകും. അതേസമയം വ്യാഴാഴ്ച വൈകുന്നേരം ചേർന്ന നിയമസഭ കക്ഷി യോഗത്തിൽ വി.ഡി.സതീശനെ കോൺഗ്രസ് നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു.
സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയം തിരുവഞ്ചൂർ രാധാകൃഷ്ണൻ പിന്താങ്ങി. എന്നാൽ രമേശ് ചെന്നിത്തല യോഗത്തിനെത്തിയില്ല. വി.ഡി.സതീശന് പിന്തുണ നൽകുന്നതായി കാണിച്ച് അദ്ദേഹം കത്ത് നൽകിയിരുന്നു. സദ് ഭരണമാണ് ലക്ഷ്യമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു.
തുടർന്ന് സർക്കാർ രൂപീകരണത്തിനായി നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ ഗവര്ണറെ കാണുകയും പിന്തുണക്കത്ത് കൈമാറുകയും ചെയ്തു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിനു പിന്നാലെ എ.കെ.ആന്റണിയെ സന്ദർശിച്ച് വി.ഡി.സതീശൻ. സതീശന്റെ നേതൃത്വത്തിലുള്ള അടുത്ത അഞ്ച് വര്ഷം കേരളത്തിന്റെ സുവര്ണകാലമായി മാറട്ടെയെന്ന് ആന്റണി ആശംസിച്ചു. ഒന്നിന് പുറകെ ഒന്നായി ജനപ്രിയ പ്രഖ്യാപനങ്ങള് പ്രതീക്ഷിക്കുന്നു.
ഐക്യകേരളം ഉണ്ടായതിനുശേഷമുള്ള ഏറ്റവും നിർണായകമായ കാലഘട്ടത്തിൽ കേരളത്തെ നയിക്കാൻ സതീശന് കഴിയും. തെക്കേ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാക്കി മാറ്റാനുള്ള നിയോഗം കോൺഗ്രസ് വി.ഡി.സതീശന് നൽകിയിരിക്കുകയാണെന്നും ആന്റണി പറഞ്ഞു.
2001ൽ കോൺഗ്രസിന് വലിയ ഭൂരിപക്ഷം കിട്ടിയപ്പോഴാണ് താൻ മുഖ്യമന്ത്രി ആയത്. അന്നും ആദ്യം വലിയ ആരവമൊക്കെ ലഭിച്ചിരുന്നു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ ആരവങ്ങൾ കെട്ടടങ്ങുകയും മാധ്യമങ്ങൾ എനിക്കെതിരായി തിരിയുകയും ചെയ്തു. അന്നത്തെ സാഹചര്യത്തിനു പരിഹാരം കാണാൻ സർക്കാർ എടുത്ത ചില കടുത്ത തീരുമാനങ്ങളാണ് അതിനു കാരണമായത്.
മുഖ്യമന്ത്രിക്ക് ഡൽഹിക്കു പോകാൻ വിമാനടിക്കറ്റ് പോലും എടുക്കാൻ തരമില്ലാത്ത തരത്തിൽ സാമ്പത്തിക പ്രതിസന്ധിയായിരുന്നു. അതു പരിഹരിക്കാനാണ് എല്ലാവരുമായി ആലോചിച്ച് കടുത്ത തീരുമാനങ്ങളെടുത്തത്. അതോടെ ആർപ്പുവിളിച്ചവരെല്ലാം തിരിഞ്ഞു. ആ സ്ഥിതി സതീശനും സംഘത്തിനുമുണ്ടാകരുതെന്നും ആന്റണി പറഞ്ഞു.
Kerala
ഇടുക്കി: വി.ഡി.സതീശന് അനുകൂലമായി പ്രകടനം നടത്തിയ നാല് നേതാക്കൾക്കെതിരെ ഇടുക്കി ഡിസിസി നടപടിയെടുത്തു. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് നടപടി.
ഡിസിസി ജനറൽ സെക്രട്ടറി വി.ഇ.താജുദ്ദീൻ, വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു, കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ജോയ് മൈലാടി എന്നിവരെ പദവികളിൽ നിന്ന് നീക്കി. ഇന്നലെയാണ് സതീശനെ അനുകൂലിച്ച് തൊടുപുഴയിൽ ഒരു വിഭാഗം പ്രകടനം നടത്തിയത്.
നടപടികൾക്കിടയിലും നേതാക്കളെ പിന്തുണച്ചുള്ള ഫ്ലക്സ് യുദ്ധം ഇടുക്കിയിൽ തുടരുകയാണ്. അടിമാലിയിലും മാങ്കുളത്തും കട്ടപ്പനയിലും രമേശ് ചെന്നിത്തിലക്ക് അഭിനന്ദനങ്ങൾ അർപ്പിച്ച് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.
Kerala
മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്. സതീശന് ലഭിക്കുന്ന പിന്തുണ ജനങ്ങളുടെ അഭിപ്രായം ആണെന്നല്ലേ മനസിലാക്കേണ്ടത്.
ജനവികാരം പരിഗണിച്ചാകും യുഡിഎഫ് തീരുമാനങ്ങൾ കൈക്കൊള്ളുക. എക്സിറ്റ് പോൾ ഫലം ആത്മവിശ്വാസം നൽകുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. മുൻകാലങ്ങളിൽ ലീഗിന് നല്ല പരിഗണന മന്ത്രിസഭയിൽ ലഭിച്ചിട്ടുണ്ട്. ഒന്നും ചോദിച്ച് വാങ്ങാൻ ഉദ്ദേശിക്കുന്നില്ല.
അർഹതപ്പെട്ടത് കിട്ടും. ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടില്ല. ലീഗിന്റെ അജണ്ട നിശ്ചയിക്കുന്നത് ലീഗ് തന്നെയാണ്. എക്സിറ്റ് പോളില് കാണിച്ചതിനേക്കാള് കൂടുതല് സീറ്റുകള് യുഡിഎഫിന് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
ഇടുക്കി: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ തുടരുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ തൊടുപുഴയിൽ പോസ്റ്റർ. മുഖ്യമന്ത്രിയാകാമെന്ന് വ്യാമോഹിക്കേണ്ടെന്ന് പോസ്റ്ററിൽ പറയുന്നു. തൊടുപുഴ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഫാമിലിയുടെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സതീശനെ നിയുക്ത മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിക്കുന്ന ഫ്ലക്സ് മൂവാറ്റുപുഴയില് ഉയര്ന്നിരുന്നു. ഇതിനു പിന്നാലെയാണ് തൊടുപുഴയില് സതീശനെതിരെ പോസ്റ്റര് പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം കെ.സി.വേണുഗോപാലിനായി മുൻ യൂത്ത് കോൺഗ്രസ് നേതാവ് കളഭം കൊണ്ട് തുലാഭാരം നേർന്നിരുന്നു. അതേസമയം കോണ്ഗ്രസിലെ മുഖ്യമന്ത്രി ചര്ച്ചകള് പരിധി വിട്ടുവെന്ന വിലയിരുത്തലിനെ തുടര്ന്ന് സമൂഹ മാധ്യമങ്ങളിലെ പ്രചാരണങ്ങള് കര്ശനമായി നിയന്ത്രിക്കാന് കെപിസിസിക്ക് ഹൈക്കമാന്ഡ് നിര്ദേശം നല്കിയിരുന്നു.
Kerala
കൊച്ചി: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച മുറുകുന്നതിനിടെ കൊച്ചി നഗരത്തിൽ വി.ഡി.സതീശനെതിരെ ഫ്ലക്സ്. ഡിസിസി ഓഫീസിന്റെ സമീപത്തായിട്ടാണ് രമേശ് ചെന്നിത്തലയെ അനുകൂലിച്ച് ഫ്ലക്സ് ഉയര്ത്തിയത്.
കോൺഗ്രസ് ഫാമിലി എന്ന പേരിലാണ് ഫ്ലക്സ്. പിആർ വർക്കിന്റെ ബലത്തിൽ രമേശ് ചെന്നിത്തലയെ പോലുള്ള മുതിർന്ന നേതാക്കളെ താറടിച്ച് മുഖ്യമന്ത്രി ആകാനുള്ള മോഹം നടക്കില്ലെന്ന് ഫ്ലക്സ് ബോർഡിൽ പറയുന്നു.
സതീശന് അനുകൂലമായി ലീഗിനുള്ളിൽ അഭിപ്രായം ഉയര്ന്നതായി വാര്ത്ത വന്നതിനു പിന്നാലെയാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ കോൺഗ്രസ് നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Kerala
കൊച്ചി: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച സമൂഹമാധ്യമങ്ങളിൽ നിന്ന് തെരുവിലേക്ക്. യുഡിഎഫ് ജയിക്കും വി.ഡി.സതീശൻ നയിക്കുമെന്ന ഫ്ലക്സ് ആലുവയിൽ വച്ചു. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നേ കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം തുടരുന്നതിനിടെയാണ് ആലുവ തോട്ടുമുഖത്ത് ഫ്ലക്സ് ഉയർന്നത്.
കഴിഞ്ഞ ദിവസം മലപ്പുറത്തെ കാലടി പഞ്ചായത്തിലും ഇത്തരം ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനിടെ കെ.സി.വേണുഗോപാലിന്റെ വിക്കിപീഡിയ പേജിൽ 13-ാമത് കേരള മുഖ്യമന്ത്രിയെന്ന വിവരണം പ്രത്യക്ഷപ്പെട്ടു. വ്യാപകമായി ഇത് പ്രചരിപ്പിക്കപ്പെട്ടതോടെ പിന്നീട് എഡിറ്റ് ചെയ്തു നീക്കി.
കഴിഞ്ഞദിവസം ജനനായകൻ എന്നപേരിൽ രമേശ് ചെന്നിത്തലയുടെ വീഡിയോ പുറത്തു വന്നതിനു പിന്നാലെ കേരള യാത്ര എന്ന പേരിൽ പോഡ്കാസ്റ്റും തുടങ്ങിയിരുന്നു. കെഎസ്യു കാലം മുതലുള്ള ജീവിതമാണ് പ്രമേയം.
Kerala
കൊച്ചി: ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി വയനാട് ടൗൺഷിപ്പിൽ നിർമിച്ച വീട്ടിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ മന്ത്രി കെ.രാജനെ പരിഹസിച്ച് വി.ഡി.സതീശൻ. വിള്ളൽ പരിശോധിക്കാൻ മന്ത്രി കെ.രാജൻ വന്നത് നാടകമാണ്.
ചോര്ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. എൻജിനീയർമാരാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. രാഹുൽ ഗാന്ധി കല്ല് ഇട്ടതിന് ശേഷം അടുത്ത ദിവസം വീട് വെച്ചില്ലെന്നായിരുന്നു ആക്ഷേപം. സർക്കാർ നിര്മിച്ച വീടുകളുടെ അവസ്ഥ കണ്ടല്ലോ. ഗുരുതര ക്രമക്കേടാണ് നടന്നത്.
തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയത് ഉദ്ഘാടന നാടകം മാത്രമായിരുന്നു. ജനങ്ങളെ സര്ക്കാര് കബളിപ്പിച്ചു. വയനാട് പുനരധിവാസം തെരഞ്ഞെടുപ്പ് പ്രചരണമാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യമെന്നും സതീശന് പറഞ്ഞു.
Kerala
കൊച്ചി: യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 100 സീറ്റ് ഭംഗിവാക്കല്ല. ആ സീറ്റുകൾ യുഡിഎഫ് ഉറപ്പിച്ചെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. സിപിഎം വിമതരുമായി ഒരു വർഷം മുമ്പേ ചർച്ച തുടങ്ങിയിരുന്നു.
കെ.കരുണാകരനും എ.കെ.ആന്റണിക്കും കിട്ടാത്ത പിന്തുണ ഘടക കക്ഷികളിൽ നിന്ന് തനിക്ക് കിട്ടി. സ്ഥാനമാനങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ല. നഷ്ടങ്ങൾ നേരിട്ട് തനിക്ക് പരിചയമുണ്ട് അതിൽ ആശങ്കയില്ല. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ഒരു തർക്കവും കോൺഗ്രസിൽ ഉണ്ടാകില്ല.
ഏത് രാഷ്ട്രീയ പാർട്ടിയിലും എന്നപോലെ സ്ഥാനങ്ങൾ ആഗ്രഹിക്കുന്നവർ കോൺഗ്രസിലും ഉണ്ടാകാം. എന്നാൽ അതൊരു തർക്കത്തിലേക്ക് പോകില്ലെന്നും സതീശൻ വ്യക്തമാക്കി. രാഷ്ട്രീയ സാഹചര്യത്തിലെ മാറ്റം തിരിച്ചറിഞ്ഞാവാം വെള്ളാപ്പള്ളിയുടെ പ്രസ്താവന. താൻ ഒരിക്കലും വെള്ളാപ്പള്ളിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല.
വർഗീയ നിലപാടിനെയാണ് എതിർത്തിട്ടുള്ളത്. വർഗീയത പറഞ്ഞാൽ ഇനിയും എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ദേശീയ തലത്തിലെ ബിജെപി ഭീഷണിയും അതിന് കേരളത്തിലെ സിപിഎം നൽകുന്ന സഹായവും ഒരു ഇൻസെക്യൂരിറ്റി ഉണ്ടാക്കിയിട്ടുണ്ട്. അത് യുഡിഎഫിന് അനുകൂലമാകും.
ശബരിമല വിഷയം ഭൂരിപക്ഷ സമുദായത്തിനിടയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ബിജെപിയേക്കാൾ ശക്തമായി ഈ വിഷയത്തിൽ യുഡിഎഫ് നിലകൊണ്ടതിനാൽ ആ വോട്ടുകൾ യുഡിഎഫിന് ലഭിച്ചു. യുഡിഎഫ് പരാജയപ്പെടുകയാണെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുമെന്നും എന്നാൽ വിജയിച്ചാൽ അത് ടീമിന്റെ വിജയമായിരിക്കുമെന്നും സതീശൻ പറഞ്ഞു.
Kerala
കൊച്ചി: ഇത്തവണ നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ദേശീയ സർവേകളിൽ എല്ലാം നല്ല നിലയിലേയ്ക്ക് യുഡിഎഫ് ഉയർന്നു വന്നു. കേരളത്തിലെ ജനങ്ങൾ പ്രബുദ്ധരാണെന്നും എല്ലാം കൃത്യമായി നിരീക്ഷിക്കുന്നവരാണെന്നും വോട്ട് ചെയ്ത ശേഷം വി.ഡി. സതീശൻ പറഞ്ഞു.
വോട്ട് ചെയ്യാതെ ആരും മാറി നിൽക്കരുതെന്നും ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും വി.ഡി. സതീശൻ പറഞ്ഞു. പറവൂർ കേസരി ബാലകൃഷ്ണ മെമ്മോറിയൽ ഗവൺമെന്റ് കോളജിലെ 135-ാം നമ്പർ ബൂത്തിൽ കുടുംബസമേതമെത്തിയാണ് പ്രതിപക്ഷ നേതാവ് വോട്ട് രേഖപ്പെടുത്തിയത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ജാഗ്രതക്കുറവ് മൂലം നിരവധി പോസ്റ്റൽ വോട്ടുകൾ നഷ്ടപ്പെട്ടു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള അധ്യാപികമാർ തന്റെ മണ്ഡലത്തിലുണ്ട്. അവർ പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ച് മൂന്നു തവണ പോയിട്ടും ലഭിച്ചിട്ടില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
മൂന്ന് മാസത്തിനിടയിൽ നാലു പ്രാവശ്യം കേരളം മുഴുവൻ സഞ്ചരിച്ചയാളാണ്. ജനവികാരം കൃത്യമായി ബോധ്യപ്പെട്ടിട്ടുണ്ട്.ഞങ്ങൾ നൂറിലധികം സീറ്റുമായി അധികാരത്തിൽ വരും എന്നതിൽ ഒരു സംശയവുമില്ല. രാഷ്ട്രീയ ബോധ്യമുള്ള കേരളത്തിലെ ജനങ്ങൾ സർക്കാരിനെയും പ്രതിപക്ഷത്തെയും കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: യുഡിഎഫ് നൂറിലേറെ സീറ്റുകളുമായി അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. പ്രീ പോൾ സർവേകൾ പെയ്ഡാണ്. യുഡിഎഫിന്റെ മുന്നേറ്റം മറച്ചുവയ്ക്കാനാണ് സർവേകൾ ശ്രമിക്കുന്നത്. എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെന്ന് സ്ഥാപിക്കാനാണ് ചാനൽ സർവേകൾ ശ്രമിക്കുന്നത്.
സർക്കാരിനെതിരായ ജന വികാരം ശക്തമാണ്. സർക്കാർ പരാജയപ്പെട്ടിടത്ത് ബദൽ പദ്ധതികളുമായാണ് യുഡിഎഫ് വരുന്നത്. അതിന് സമഗ്രമായ തയാറെടുപ്പ് യുഡിഎഫ് നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് കണ്ടപ്പോൾ സിപിഎം വ്യാപകമായ അക്രമങ്ങൾ അഴിച്ചു വിടുകയാണ്. അതിലൊന്നും യുഡിഎഫിനെ തോൽപ്പിക്കാൻ കഴിയില്ലെന്ന് സതീശൻ വ്യക്തമാക്കി.
വെല്ഫയര് പാര്ട്ടി യുഡിഎഫിനെ പിന്തുണച്ചപ്പോള് ബഹളം ഉണ്ടാക്കിയ മുഖ്യമന്ത്രി ഇപ്പോള് എസ്ഡിപിഐ, പിഡിപി പിന്തുണ തേടുന്നു. എസ്ഡിപിഐ തീവ്രവാദ സംഘടനായാണെന്നാണ് സിപിഎം പാര്ട്ടി കോണ്ഗ്രസ് രേഖകളില് പറയുന്നത്. മുഖ്യമന്ത്രി അത് വായിച്ചിട്ടില്ലെങ്കില് താന് അയച്ചുതരാം. അവരുമായിട്ടാണ് ഇപ്പോള് സിപിഎം തെരഞ്ഞെടുപ്പില് ഒന്നിച്ച് പ്രവര്ത്തിക്കുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
Kerala
കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. നുണ പറയലാണ് സതീശന്റെ പണി. ജമാഅത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ നൽകുമെന്ന് പരസ്യമായി പറഞ്ഞു. സതീശൻ ഒരക്ഷരം പറഞ്ഞോ.
കെ.എം.ഷാജി എവിടെ മത്സരിച്ചാലും വർഗീയത മാത്രമേ പറയൂ. ഷാജി വർഗീയവാദത്തിന്റെ മുഖമുദ്രയാണെന്നും എം.വി.ഗോവിന്ദൻ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെതിരായ സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ് ശുദ്ധ അസംബന്ധവു മറ്റൊരു കളവാണെന്നും അദ്ദേഹം പറഞ്ഞു.
ആര്എസ്എസിനെ ശക്തമായി എതിര്ക്കുന്നത് സിപിഎമ്മാണ്. ആര്എസ്എസുമായി ബന്ധമുള്ള പാര്ട്ടി യുഡിഎഫാണ്. നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടിച്ചത് സിപിഎമ്മാണ്. വോട്ട് കണക്ക് നോക്കിയാൽ ആരാണ് ബിജെപിയെ ജയിപ്പിച്ചതെന്ന് മനസിലാകുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
Kerala
തൃശൂർ: ചില്ലറ വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം തങ്ങൾ കാണിക്കാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആര്എസ്എസുമായി ചേര്ന്ന് മത്സരിച്ചെന്ന വി.ഡി.സതീശന്റെ ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച കാലം മുതൽ ആർഎസ്എസ് എങ്ങനെയാണ് തന്നെ കണ്ടതെന്ന് എല്ലാവർക്കും അറിയാം. ആര്എസ്എസിന്റെ പ്രധാന ടാർഗറ്റ് ആയിരുന്നു താനെന്നും സതീശൻ നുണയാണ് പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നാണം കെട്ട് ഒരുപാട് കൂട്ടുകെട്ടുകൾക്ക് പുറകെ പോയവരാണ് കോണ്ഗ്രസുകാർ.
ശുദ്ധ അസംബന്ധം പറയാൻ സതീശന് ഒരു മടിയുമില്ല. വയനാട്ടിലെ ദുരന്ത ബാധിതരെ കോൺഗ്രസുകാർ പറ്റിക്കുകയാണ്. കോണ്ഗ്രസ് നിര്മിക്കുന്ന വീടുകളുടെ തറക്കല്ലിടൽ കഴിഞ്ഞ മാസമാണ് നടന്നത്. യുഡിഎഫ് പറഞ്ഞ കാര്യങ്ങള് ഒരിക്കലും നടപ്പിലാക്കാറില്ലെന്നും പറയുന്ന കാര്യങ്ങള് നടപ്പാക്കുന്നതിലാണ് കാര്യം.
ജനങ്ങള് എല്ലാം കാണുന്നുണ്ട്. ജനങ്ങള് എൽഡിഎഫിനെയും യുഡിഎഫിനെയും താരതമ്യം ചെയ്യുന്നുണ്ട്. എൽഡിഎഫ് വീണ്ടും ഭരണത്തുടർച്ച നേടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Kerala
കൊല്ലം: ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി കെ.എൻ. ബാലഗോപാൽ. ഖജനാവിലെ പൂച്ച പെറുന്നത് നല്ല കറൻസിയാണെന്നും സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ട അവസ്ഥയിലാണെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു.
ഡിഎ കുടിശിക ആദ്യ ഗഡു തീർക്കാൻ പതിനായിരം കോടി രൂപ നീക്കി വച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവിന് കണക്കറിയാത്തതുകൊണ്ടല്ല. പക്ഷേ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ആരോപണം ഉന്നയിക്കുന്നതാണ്. എൽഡിഎഫ് വീണ്ടും വരുമെന്നും പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ നൽകുമെന്നും ധനമന്ത്രി വ്യക്തമാക്കി.
പല മണ്ഡലങ്ങളിലും ബിജെപി - കോൺഗ്രസ് ഡീലുണ്ട്. ബിജെപിയുമായി ഡീൽ ഉണ്ടാക്കുന്ന മുന്നണിയല്ല എൽഡിഎഫ്. ബിജെപിക്ക് വോട്ടു മറിക്കുന്നത് കോൺഗ്രസാണ്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപിക്ക് കോൺഗ്രസ് വോട്ടു മറിച്ചെന്നും ബാലഗോപാൽ പറഞ്ഞു.
Kerala
ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർഥി നിർണയം പൊട്ടിത്തെറിയിലേക്കെന്ന് സൂചന. തന്നെ പിന്തുണയ്ക്കുന്നവരെ വെട്ടി നിരത്തുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയതായി റിപ്പോർട്ടുകളുണ്ട്.
കൊച്ചി സീറ്റ് മുഹമ്മദ് ഷിയാസിന് നൽകണമെന്ന് വി.ഡി.സതീശൻ ശക്തമായി വാദിക്കുകയാണ്. ദീപ്തി മേരി വർഗീസിനായി കെ.സി.വേണുഗോപാലും വാദിക്കുന്നുണ്ട്. നെടുമങ്ങാട് മീനാങ്കൽ കുമാറിനെ പരിഗണിക്കുന്നതിൽ നേതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചു.
അതേസമയം അരുവിക്കര ആവശ്യപ്പെട്ട് ശിവകുമാറും ശബരീനാഥനും ഉറച്ചുനിൽക്കുകയാണ്. അവശേഷിക്കുന്ന 37 സീറ്റുകളിലും ഇന്ന് തന്നെ പ്രഖ്യാപനം നടക്കും. അതേസമയം കെ.സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്.